2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

പ‍ഴമയ്ക്കുണ്ടോ പറയാന്‍....?

പേപ്പര്‍ പുതുമ
പറയാനായി മാത്രം  ഓണക്കൂട്ടുകള്‍ കാണാനുണ്ടെങ്കിലും  പ‍ഴമയുടെ നന്മകള്‍ നഷ്ടപ്പെടാനായി മാത്രം ബാക്കി നില്‍ക്കുന്നു..

2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഒരപകടം മുന്നറിയിപ്പായെങ്കിലും കടന്നുവന്നിരിക്കുന്നു


മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് അവഗണിക്കുന്നവരുടെ ലഹരിയെക്കുറിച്ച് ഒരു പഠനം നടത്തിയാല്‍ അവര്‍ക്കു പറയാനുള്ളത് പലവിധ മാനസിക വ്യതിയാനങ്ങളെക്കുറിച്ചാണ്.


മമ്മൂട്ടിയെ നായകനാക്കി പ്രമുഖ ചായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന മലയാള ചലച്ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് ഒരു ലഹരി സമ്മാനിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ഏതൊരാളുടേയും ചിന്തയിലേക്കൊരു  വെടിമരുന്നിന്‍റെ പുക പോലെ ഒന്ന് വന്ന് നിറയും. അതൊരു മുന്നറിയിപ്പാണെന്ന സംവിധായകന്‍റെ വിശദീകരണത്തെ അത്രയെളുപ്പം പ്രശംസിക്കാന്‍ സാധിക്കില്ല.

സിനിമ ക്യാമറയുടെ  കലയാണെന്നു പറയുന്നതുപോലെ തന്നെ ,  പ്രേക്ഷകരെ കാ‍ഴ്ചകളിലെ വൈവിധ്യങ്ങള്‍ കൊണ്ടും, ശബ്ദ വിന്യാസങ്ങള്‍ കൊണ്ടും  ആ‍ഴത്തില്‍ സ്വാധീനിക്കാനുള്ള ക‍ഴിവ് സിനിമയെന്ന കലയിലുണ്ട്..

ഇവിടെ മുന്നറിയിപ്പെന്ന മലയാള ചിത്രം കൈയ്യൊതുക്കത്തോടെ സംവിധായകനും കൂട്ടാളികളും ചേര്‍ന്ന് പ്രദര്‍ശനത്തിനായി വിളമ്പി വെയ്ക്കുമ്പോള്‍
 മമ്മൂട്ടി,
പൃഥിരാജ്,
സൈജുകുറുപ്പ്,
അപര്‍ണ്ണ ഗോപിനാഥ്,
കൊച്ചു പ്രേമന്‍,
കോട്ടയം നസീര്‍,
വി.കെ ശ്രീരാമന്‍,
മുത്തുമണി,
ജോയ് മാത്യു,
നെടുമുടി വേണു,
പ്രതാപ് പോത്തന്‍,
രഞ്ജി പണിക്കര്‍,
സുധീഷ്....... തുടങ്ങി പുതിയ തലമുറയ്ക്കും, സിനിമാ വ്യാപാരത്തിനും  ദഹിക്കാവുന്ന തരത്തില്‍ താര നിരയും ഉള്‍പ്പെടുത്തിയിട്ടുണ്ട്...

 രാഘവന്‍ എന്ന കഥാപാത്രത്തിനെ മമ്മൂട്ടിയെന്ന നടന്‍റെ രൂപത്തിലേക്ക് സന്നിവേശിപ്പിച്ച് സ്വാതന്ത്രത്തിന്‍റേയും , വിലക്കുകളുടേയും ചങ്ങലകളെ പൊട്ടിച്ചറിയുന്നത് കൊലപാതകങ്ങളിലൂടെയാണെന്ന സന്ദേശം പറഞ്ഞുവെക്കുമ്പോള്‍ തന്നെ യുവ പത്രപ്രവര്‍ത്തകയുടെ കഥാപാത്രത്തിനെ പരിഹസിക്കുന്ന രീതിയില്‍ സന്ദര്‍ഭങ്ങളും സൃഷ്ടിക്കുന്നു. തിരക്കഥാകൃത്ത് പുരുഷനായതു കൊണ്ടാണോ ഇത്തരം മേധാവിത്വ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു സംശയിക്കണം.  അമേരിക്കന്‍ മലയാളി വന്ന് കല്യാണം ആലോചിക്കുകയും അതിനെ നായിക സ്വാഗതം ചെയ്യുന്ന രംഗങ്ങളില്‍ സ്ത്രീ കളായ പത്ര പ്രവര്‍ത്തകരുടെ മാനസിക തലങ്ങളെ ചോദ്യം ചെയ്യുന്ന ഡയലോഗുകളും കൊണ്ടുവരാന്‍ തിരക്കഥാകൃത്ത് മറന്നിട്ടില്ല.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സ് കൊണ്ടുവന്ന്
കൊലപാതകത്തെ മുന്നറിയിപ്പെന്നോണം അപകടകരമായ ഒരു സന്ദേശം നല്‍കുമ്പോള്‍ നായകന്‍റെ കഥാപാത്രത്തെ എപ്പോ‍ഴും ഒരുപടി മുന്നില്‍ കാണാനാഗ്രഹിക്കുന്ന ഭൂരിഭാഗം പ്രേക്ഷകരെയും സിനിമ തൃപ്തിപ്പെടുത്തുന്നു.. ഫിലിം ഫെസ്റ്റിവലുകളില്‍  നല്ല സിനിമകള്‍ കണ്ട് നിരൂപണങ്ങള്‍ പറയുന്നവര്‍ ചുറ്റുമുള്ളവരെ പുച്ഛഭാവത്തോടെ സമീപിക്കുന്നത് നിര്‍ത്തി,  സാഹചര്യങ്ങളെ സൂക്ഷ്മമായി നോക്കികണ്ട നമ്മുടെ സാഹിത്യകാരന്‍മാരുടെ ജീവിതം വായിച്ചു പഠിക്കേണ്ടതുണ്ട്.. വായിച്ചാലേ വിളയൂ.......

കലയിലെ കലാപമെന്നത് സമൂഹത്തില്‍ മാറ്റങ്ങള്‍  സൃഷ്ടിക്കാനുതകുന്നതാകണം..  ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍  പലപ്പോ‍ഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍  തെറ്റായ സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരില്‍  ആ‍ഴത്തില്‍ പതിക്കുന്ന രീതിയില്‍  കഥകളില്‍ ചമച്ചുണ്ടാക്കരുതെന്ന് വിനീതനായി അഭ്യര്‍ത്ഥിക്കുന്നു..