REFORMED COLOUR OF KOCHI |
രാവിലെ ജോലിക്ക് പോകുന്ന നേരം ഏകദേശം ഒരു മണിക്കൂർ ബസ്സ് യാത്ര.. ബ്ലോക്ക് കിട്ടുന്ന സമയത്ത് ചിലപ്പോൾ അതിൽ കൂടുതൽ സമയം. സാമൂഹിക അജണ്ടകൾ സമ്മാനിക്കുന്ന വേഗതയുടെ അടിസ്ഥാന തത്വങ്ങളെ പണ്ടേ തള്ളിക്കളഞ്ഞതാണ്. എന്നിരുന്നാലും ചില ഉത്തരവാദിത്വങ്ങളോട് നമ്മൾ പാലിക്കേണ്ട മനോഭാവം, വാക്ക് കൈമാറുന്ന വ്യക്തികളോടുള്ള ബഹുമാനം എന്നതെല്ലാം വെച്ച് രാവിലെ ഓഫീസിൽ ബ്ലോക്കിൽ പെടാതെ കൃത്യസമയത്തെത്തുമോ എന്നത് മാത്രമായിരിക്കും ചിന്ത..
ഒരു ദിവസം നേരത്തെയിറങ്ങി ബ്ലോക്കിനെ അതീജീവിക്കാൻ കഴിയുമോ എന്ന് നോക്കി. പക്ഷേ നിർഭാഗ്യവശാൽ അന്നായിരുന്നു കൂടുതൽ സമയം ബ്ലോക്കിൽ കിടന്നത്. പുറകിൽ വന്ന ഏതൊക്കെയോ ബസ്സുകൾ ചില ഇടവഴികൾ കയറി പോയതുകൊണ്ട് എനിക്കു പിന്നിൽ വന്ന നമ്മുടെ നാട്ടുകാരൻ അവൻറെ ജോലിസ്ഥലത്ത് അധികം വൈകാതെ എത്തി.. സമയം മാത്രമല്ല .യാത്രയിൽ ഭാഗ്യവും കൂടി വേണം എന്നാലേ എറണാകുളം നഗരത്തിലേക്ക് ഏന്തിവലിഞ്ഞെത്തുന്ന ബ്ലോക്ക് മറികടക്കാൻ കഴിയൂ അതാണ് സത്യം..
ഏതെങ്കിലും ഒരു വണ്ടി തടസ്സപ്പെട്ടാലോ, മുന്നിട്ടുകയറിയാലോ, തിരക്കുപിടിച്ച് ഇടയ്ക്ക് കുത്തിപതുങ്ങി വന്നാലോ, അശ്രദ്ധകൊണ്ട് ചെറിയ ആക്സിഡൻറുകൾ സമ്മാനിച്ചാലോ, രാവിലെയുള്ള തിരിക്ക് പിടിച്ച ഓട്ടത്തിൽ കേരളത്തിലെ വാഹന സാക്ഷരതയെ അളക്കാനുള്ള സമയം കിട്ടും.. അത്രമാത്രം വാഹനങ്ങൾ റോഡിൽ തിങ്ങിനിറയുന്ന കാഴ്ച അത് ബ്ലോക്ക് വന്നാലേ കാണാൻ പറ്റൂ..പ്രത്യേകിച്ച് ഹൈവേകളുടെ ഭാഗമാകുമ്പോൾ.. ശ്ശേ.. ച്ശേശ.. ഇതെന്തൊരു.. ഇവൻമാര്.. പണ്ടാരം.. ഹോ.. മ്ഹഹ്.. ഇങ്ങനെ തുടങ്ങി വിവിധ തരം നെടുവീർപ്പുകളും, നിരാശകളും ഉയർന്നു കേൾക്കാം.. ബ്ലോക്കുകളിൽ പണ്ടേ കിടന്നിട്ടുണ്ടെങ്കിലും രാവിലെ ജോലിക്കുപോകുമ്പോൾ കിടക്കുന്ന കിടപ്പ് ഒന്നു വേറെ തന്നെയാണ്..പ്രത്യേകിച്ച് യാത്രക്കാരിൽ 95 ശതമാനവും പല പല ജോലികൾക്കായ് ചേക്കേറുന്നവരാകുമ്പോൾ..
വൈകുന്നേരം പക്ഷേ ഇങ്ങനെയൊന്നുമല്ല.. വളരെ സാവധാനം.. റിലാക്സ് ചെയ്ത്.. സമാധാനത്തോടെ തിരിച്ച് വീട്ടിലേക്ക് പോകാൻ പറ്റുന്ന ബസ്സുകളും, വഴികളും തെരഞ്ഞെടുത്ത് പോകും.. നിലവിൽ ബസ്സുകൾ പോകുന്ന അഞ്ചോളം റൂട്ടുകളിൽ പോയാൽ വീടെത്താം.. അതിലേറ്റവും പ്രിയപ്പെട്ട രണ്ട് റൂട്ടുകൾ മിനിറ്റുകൾ കൊണ്ട് തന്നെ നഗരം വിടുന്നതാണ്.. മറ്റു മൂന്നു റൂട്ടുകളും നഗരത്തിൻറെ ബഹളങ്ങൾ നിറഞ്ഞതായതുകൊണ്ട് ഒഴിവാക്കുകയാണ് പതിവ്..
ഒന്ന്- ബസ്സിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കായൽ കാഴ്ചകൾ കണ്ടങ്ങിനെ പോകുന്നത്..
രണ്ട്- ആദ്യം ബോട്ടിൽ പോയി ബസ്സിലേക്ക് മാറിക്കയറുന്നത്..
വൈകുന്നേരങ്ങളിലെ യാത്രകളിലെ സമയങ്ങൾ മുഴുവൻ ചിന്തകളാണ്.. ചിലപ്പോൾ പാട്ട് കൂട്ടിനുണ്ടാകും.. വളരെ റിലാക്സഡ് ആയ ഇൻസ്ട്രുമെൻറൽ മ്യൂസിക്കുകളും, നമ്മുടെ മൂഡിനെ സ്വാധീനിക്കുന്ന പാട്ടിൻറെ പ്ലേലിസ്റ്റുകളും മൊബൈൽ ഫോണിൽ ഇള്ളതുകൊണ്ട് സായന്തനത്തിൻറെ ബാഗ് ഗ്രൌണ്ട് സംഗീതം നിറഞ്ഞതാണ്.. ചിലപ്പോൾ പൂർണ്ണമായും വിവിധ ആലോചനകളിൽ മുഴുകിയിരുന്നാൽ മനസ്സിലെ സംഗീതം വിടർന്നു വരും അപ്പോൾ ഫോണിലെ റെക്കോഡുകളുടെ ആവിശ്യം വരില്ല.. വൈകുന്നേരങ്ങളിൽ കണ്ണിൽ പതിക്കുന്ന നിറങ്ങളാണ് മറ്റൊന്ന്- ക്രീം വൈറ്റും, ആഷ് ബ്ലൂവും, ബ്ലാക്ക് ഷാഡോയും, സിൽവറും, ഓറഞ്ചും, യെല്ലോവും, റെഡും, അങ്ങിനെ എന്തെല്ലാമോ കൂട്ടിക്കുഴച്ച് ആകാശം വാരിവിതറുന്ന നിറങ്ങൾ.. മഞ്ഞും, തണുപ്പും, ചാറ്റൽ മഴയും, ഇരുണ്ട മേഘങ്ങളും, അവയ്ക്കിടയിൽ കാണുന്ന വഴിവിളക്കുകളും , ചീനവലയിലെ റാന്തൽ വിളക്കുകളും, പ്രകൃതിയൊരുക്കുന്ന പച്ചപ്പിൻറെ ഇരുട്ടുമുഖങ്ങളും എന്നു വേണ്ട രാത്രി ശബ്ദങ്ങളുടെ മായികമായ അന്തരീക്ഷത്തിൽ താളബോധത്തോടെയെന്നപോലെ സ്ഥിരം കേൾക്കുന്ന ഒച്ചകൾ.. നീണ്ടു പരന്ന കായലിലേക്ക് രാത്രിവെളിച്ചം വീശി വരാറുണ്ട്, ചിലപ്പോൾ സ്പോട്ട് ലൈറ്റിനേക്കാൾ ഭംഗിയോടെ അവ പ്രതിബിംബങ്ങളാകും..
ബസ്സിലേക്ക് ഒരുപാട് ആളുകൾ കയറിയും ഇറങ്ങിയും പോകും.. ചില മുഖങ്ങൾ പരിചിതമായ് തോന്നും.. മറ്റു ചിലപ്പോൾ വസ്ത്രങ്ങളിലെ നിറത്തിൻറെ ഷെയ്ഡുകൾ ഓർമ്മകളിലേക്ക് എവിടെയോ കൊണ്ടെത്തിക്കും.
മനുഷ്യവാസമുള്ള ഇടങ്ങളിൽ അവൻറെ സമൂഹത്തിലെ പ്രാധാന്യങ്ങളിൽ ഭ്രമിച്ചു പോവാതിരിക്കാൻ നാളെ ചിലപ്പോളൊരു ഭൂകമ്പമോ സുനാമിയോ വന്നാലോ എന്ന് ചിന്തിച്ച്, ഞാൻ സ്ഥിരം ഇറങ്ങാറുള്ള സ്റ്റോപ്പിലേക്ക് ബസ്സിൽ നിന്നിറങ്ങും.. പിന്നെ പടിഞ്ഞാറേ നടയിലുള്ള ചായക്കടയിലെ ദോശക്ക് വേണ്ടിയുള്ള നടത്തമാണ്.. അവിടെ ചെന്ന് ദോശയും ചമ്മന്തിയും ചിലപ്പോൾ അതിലേക്ക് പപ്പടവും പൊടിച്ച് ചേർത്ത് കഴിക്കും.. സ്ഥിരക്കാരനായതുകൊണ്ട് പതിവു പുഞ്ചിരികളും , നോട്ടങ്ങളും കൂട്ടത്തിലിത്തിരി കുശലാന്വേഷണങ്ങളും കൈമാറി വരാറുണ്ട്.. ചുറ്റമ്പലത്തിൻറെ മതിലുകൾ പ്രദക്ഷിണം വെയ്ക്കുന്ന പോലെ പുല്ലുകളും മരങ്ങളും അരികിലായുള്ള റോഡിലൂടെ വീട്ടിലേക്കെന്ന് ലക്ഷ്യം വെച്ച് നീങ്ങും..
.പിന്നെ ദിനചര്യകൾ..... ഉറങ്ങിയെഴുന്നേൽക്കുമ്പോൾ നാളെ രാവിലെ വീണ്ടും ഓഫീസിൽ പോകണം....