സിനിമാ പാരഡിസോ എന്ന പ്രശസ്ത ഇറ്റാലിയൻ ചിത്രത്തിൽ പാതിരി മണിയടിച്ച് ഒഴിവാക്കുന്ന ചുംബന രംഗങ്ങൾ കഥാപാത്രമായ ടോട്ടോയ്ക്ക് , ആൽഫ്രഡോ വഴി ലഭിക്കുന്നതും ടോട്ടോ അത് കാണുമ്പോഴുണ്ടാകുന്ന
നിമിഷങ്ങളും ഏതൊരു സിനിമാസ്വാദകനേയും വൈകാരികമായി അനുഭവിപ്പിക്കുന്നതാണ്.. (അനുഭവിക്കുന്നത് സിനിമ കാണുന്നവരുടെ മാനസിക തലം അനുസരിച്ചാണ്)..
ആവിഷ്കരണം ലളിതമാണ് എന്നതുകൊണ്ട് തന്നെ സിനിമാപാരഡിസോ ഭാഷയുടെ അതിർവരമ്പുകൾക്ക് അപ്പുറത്താണ്. ഇതിപ്പോൾ പറയാൻ കാരണം മാനസിക തലത്തെ എടുത്തുപറയാൻ വേണ്ടിയാണ്. സമൂഹം സ്യഷ്ടിച്ചെടുക്കുന്ന ചില ഘടകങ്ങളുണ്ട് അതിനെ മറികടക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ തന്നെ അനിവാര്യതയാണ്. ഇവിടെ നല്ലതും ചീത്തയും വേർതിരിച്ചെടുക്കുന്ന കാഴ്ചപ്പാടുകളുമായുള്ള ഏറ്റുമുട്ടലുകൾ തന്നെയാണ് കടന്നുവരുന്നത്.
സിനിമയിലെ പ്രണയരംഗങ്ങൾ കണ്ട് കൈയ്യടിക്കുകയും ജീവിതത്തിൽ അതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നത് സാമൂഹത്തിലെ വ്യക്തി, കുടുംബ, ജാതി, മത, വർഗ്ഗ ബന്ധുത്വങ്ങളുടെ പ്രേരണകൊണ്ട് മാത്രമാണ്.ഇത്തരം പ്രേരണങ്ങൾ ചില താൽപര്യങ്ങളുടെ പുറത്താണ് കടന്നുവരുന്നത്. ആ താൽപര്യങ്ങളെ തിരിച്ചറിഞ്ഞ് തള്ളിക്കളയുക
എന്നതാണ് ഇത്തരം പ്രവണതയ്ക്കെതിരെയുള്ള ആദ്യത്തെ പോംവഴി.
വെല്ലുവിളികൾ കൊണ്ടല്ല മാനസികമായ നവോത്ഥാനം കൊണ്ടാണ് സാഹചര്യങ്ങളെ അനുകൂലമാക്കുന്നത്. കൂട്ടായ്മകളിലൂടെ തീർച്ചയായും വേണ്ട പ്രതിഫലനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കപ്പെടും പക്ഷേ അത് അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും ഒരു വേർതിരിവ് സൃഷ്ടിക്കും. നമുക്ക് ,യഥാർത്ഥത്തിൽ ബോധവത്കരണമാണ് വേണ്ടത്. ആ ബോധവത്കരണത്തിന് ദീർഘായുസ്സും ഉണ്ടായിരിക്കണം.
കാണുന്നവന്റെ കണ്ണിലുടക്കിയ വൈകാരിക പ്രബുദ്ധതയാണ് ഈയടുത്ത് സംഭവിച്ച ചുംബനവാർത്തയ്ക്കാധാരം. സദാചാരമെന്ന വ്യാഖ്യാനത്തെ പടുത്തുയർത്തുന്നവർക്ക് സംഭവിച്ച ചുംബനത്തിന്റെ പാപ്പരത്വം അവർ ആഗ്രഹിച്ചുണ്ടായതല്ല അതങ്ങിനെ സംഭവിച്ചതാണ് അല്ലെങ്കിൽ അവർക്ക് ചുറ്റുമുള്ളത് രൂപപ്പെടുത്തിയിടുത്തതാണ്. അവരതിനെ പ്രായമെന്നും, ബന്ധുവെന്നും, സംസ്കാരമെന്നും പറഞ്ഞ് എതിർക്കും അതെങ്ങിനെ തെറ്റാകും അവർ വളർന്നു വന്ന സഹജീവിവാസവും , സാഹചര്യവും അങ്ങിനയാണ് പറയുന്നത്. ഇവിടെ പ്രകോപനമാണ് വാർത്തയിലൂടെ പടർന്നത്.
പ്രകോപനം അനുകൂലികളേയും, പ്രതികൂലികളേയും ബാധിച്ചു. ചുംബിക്കാനറിയാത്തവരെന്നും, അറിയുന്നവരെന്നും വിഭാഗങ്ങളുണ്ടായി. ഞാൻ വീണ്ടും പറയുന്നു നമുക്കാവശ്യം വിഭാഗീയതയല്ല ശരിയായ വിദ്യയെന്ന അറിവാണ്- തിരിച്ചറിവാണ്. എവിടെയാണ് സമൂഹവും, പ്രതിഫലനങ്ങളും, പ്രകോപനങ്ങളും ചെന്നെത്തുന്നത്. മാറ്റം വേണ്ടത് നമ്മൾ സ്വയം പടുത്തുയർത്തിയ നവമൂല്യങ്ങളുടെ പൊളിച്ചെഴുത്താണ്.
വളർന്നു വരുന്ന ജാതി. മത വിചാരങ്ങളിൽ നിന്നും പൊതുബോധത്തിലേക്കെത്തുക. നിഷ്കളങ്കതയുമുള്ള മാനസിക വ്യായാമങ്ങൾക്കനുയോജ്യമായ അറിവ് സമ്പാദിക്കുക.
ചുംബനങ്ങൾക്ക് മനോഹാരിതയുണ്ട്. അതൊരംഗീകാരത്തിന്റെയും, സ്നേഹത്തിന്റേയും, ബഹുമാനത്തിന്റേയും, ആദരവിന്റേയും, ആഹ്ലാദത്തിന്റേയും , സന്തോഷത്തിന്റേയും ആശയവിനിമയമാണ്. പ്രേമമെന്നും, കാമമെന്നും മാത്രം പറഞ്ഞ് ചുംബനം നൽകുന്ന അനുഭൂതിയെ പൊതുസമൂഹത്തിൽ പിടിച്ചുകെട്ടിയിടാനാവില്ല. അത് പടർന്നുകൊണ്ടേയിരിക്കും അതിലൊരു ആശയവിനിമയത്തിന്റെ സംഗീതമുണ്ട്. ഒരുമ്മയിലെ സൗന്ദര്യം അതു നൽകുന്ന അന്തരീക്ഷത്തിലെ രാഗതാളത്തേയും പ്രതിനിധാനം ചെയ്യുന്നു. കൂട്ടായ പൊതുചർച്ചകൾ ഉണ്ടാകുന്നത് മാറ്റത്തിനു നല്ലതു തന്നെ പക്ഷേ അതൊരിക്കലും വെല്ലുവിളികൾ മാത്രമായിത്തീരാതിരിക്കട്ടെ.