ശബ്ദത്തിന് സിനിമയിലുള്ള പ്രാധാന്യം വലുതാണല്ലോ. മുഖ്യധാര സിനിമയിൽ ശബ്ദത്തിനെ പല രീതിയിലാണ് സന്നിവേശിപ്പിക്കുന്നത്.
രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് ആമീർഖാൻ മുഖ്യവേഷത്തിലെത്തുന്ന 'പി.കെ ' എന്ന ഹിന്ദി സിനിമ കുടുംബാങ്ങളോടും, കൂട്ടുകാരോടും ചേർന്ന് കാണുവാനിറങ്ങിയ നമ്മുടെ ചങ്ങാതി.
ഈ ചങ്ങാതി സിനിമയിലെ ശബ്ദം സന്നിവേശിപ്പിക്കുന്ന ബോംബെയിലുള്ള കമ്പനിയിലെ തൊഴിലാളിയാണ്. ലീവിന് നാട്ടിൽ വന്നതാണ്.
അങ്ങിനെ സിനിമ തുടങ്ങി ഇൻറെർവെല്ലുമായി. തന്റെ കൂടെ വന്ന കുടുംബാങ്ങൾക്ക് സിനിമ ഇഷ്ടായോ എന്ന് ഇടയ്ക്കിടെ ചോദിക്കുകയും ചെയ്തു. എല്ലാവരും സന്തോഷത്തോടെ തലയാട്ടി. സിനിമ കഴിഞ്ഞതും കുറേ പേർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതും ചങ്ങാതി കൂടുതൽ സന്തോഷത്തോടെ കുടുംബാങ്ങളോടു പറഞ്ഞു അവസാനത്തെ END TITLEൽ എന്റെ പേര് കൂട്ടത്തിൽ എഴുതിക്കാണിക്കുന്നുണ്ട്. അങ്ങിനെ കൂടെ വന്നവരെല്ലാവരും അത് ശ്രദ്ധിച്ചു നിൽക്കാൻ തുടങ്ങി. പക്ഷേ പെട്ടെന്ന് പ്രൊജക്ടർ റൂമിൽ നിന്ന് ടൈറ്റിൽ മുഴുവനാക്കാതെ ഓഫ് ചെയ്തു. പേര് നോക്കി വായിക്കാൻ നിന്നവരെല്ലാവരും നിരാശരായി. തന്റെ പേര് ഇന്ന സ്ഥലത്താണുള്ളതെന്നും അത് മുഴുവൻ കാണിച്ചില്ലെന്നും പറഞ്ഞ് ചങ്ങാതി തീയറ്ററിനു പുറത്തേക്കിറങ്ങി. പക്ഷേ കൂടെ വന്ന കൂട്ടുകാരന് അതത്ര സഹിച്ചില്ല.അവസാനത്തെ സ്ക്രോളിംങ് ടെറ്റിൽ മുഴുവൻ
കാണിക്കാത്തതെന്താന്നു ചോദിച്ച് തീയറ്ററിന്റെ മാനേജരോട് തട്ടിക്കയിറി. അപ്പോ മാനേജരു പറയുവാ അടുത്ത പടം തുടങ്ങുന്നതിനു മുൻപ് പ്രൊജക്ട് ഓപ്പറേറ്റർക്കു കുറച്ചു സമയം വിശ്രമം വേണം അതാ മുഴുവൻ കാണിക്കാഞ്ഞതെന്നു. അത് കേട്ടതോടെ അതുവരെ ഇതൊക്കെ കണ്ട് നിന്ന ചങ്ങായി മുന്നോട്ട് വന്ന് സിനിമയുടെ അവസാനത്തെ ഫ്രെയിം വരെ പ്രേക്ഷകരുടെ മുൻപിൽ കാണിക്കണമെന്നും അതിനിടയ്ക്കുവെച്ച് ഓഫ് ചെയ്യാൻ നിങ്ങൾക്കവകാശമില്ലെന്നു അവനറിയാവുന്ന രീതിയിൽ പറഞ്ഞു.
സിനിമ വ്യവസായവുമായി ബന്ധമുള്ള ആളാണെന്നു കൂടി മനസ്സിലാക്കിയതോടെ പിന്നെ മറുവാദം പറയാതെ അവർ മിണ്ടാതെ നിന്നു.
സിനിമ എന്നത് ഒരു കൂട്ടായ്മയുടെ കലയാണ്. വൻ വിജയമായി മാറിയ ഒരു സിനിമയുടെ ഭാഗമാണ് താനെന്ന് തന്റെ വീട്ടുകാരോടോ , കൂട്ടുകാരോടോ, പരിചയക്കാരോടോ പറഞ്ഞ് പേര് അവസാനത്തെ ടൈറ്റിലിൽ എഴുതിക്കാണിക്കുമെന്നും അത് പോയി കാണണം എന്നൊക്കെ അഭിമാനത്തോടെ അവർ അണിയറയിൽ തിളങ്ങാതെ നിൽക്കുന്ന സിനിമാതൊഴിലാളികൾ പറയും. അവർക്കു കിട്ടുന്ന ആദരവാണ് അവരുടെ പേര് വരുക എന്നത്. അത് കാണുക എന്നത് പ്രേക്ഷകൻ എന്ന നിലയിലുള്ള അവകാശവുമാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട് ജോലിചെയ്തവരുടെ പേരുകൾ എഴുതിക്കാണിക്കുന്ന അവസാന ടൈറ്റിൽ ഭാഗം കാണിക്കാതിരിക്കുന്ന തീയറ്ററുകാർക്കെതിരെ നടപടിയെടുക്കണമെന്നതിൽ തെല്ലും സംശയമില്ല.
നിരവധി തീയറ്ററുകളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അവസാനം കമ്പനിയുടെ ലോഗോ കാണിക്കുന്നവരെ ഇംഗ്ലീഷ് സിനിമകളുടെ ടൈറ്റിലുകൾ ടിവിയിൽ കാണിക്കുന്നത് കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കണം അവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാണ് പ്രവർത്തിക്കുന്നതെന്ന്. സംഗതി ചെറുതാണേലും ഒന്ന് ചിന്തിച്ചു നോക്കിയാൽ അതിന്റെ ആഴം മനസ്സിലാകും..