ആ ദിവസത്തെക്കുറിച്ച് ഞാൻ ക്രത്യമായി ഡയറിയിൽ എഴുതി സൂക്ഷിച്ചിരിക്കുന്നു. രാവിലെ ഏകദേശം പത്തുമണി കഴിഞ്ഞ് വലിയ രണ്ട് ബാഗും തൂക്കി കൊയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന SDM travels busൽ വൈറ്റില ബസ്സ് സ്റ്റോപ്പിൽ നിന്നും കയറിക്കൂടി. നാലര മണിക്കൂർ യാത്രയിലെ നിമിഷങ്ങൾ മുഴുവൻ ഒട്ടും പരിചയമില്ലാത്ത നഗരത്തെക്കുറിച്ച് ആലോചിച്ച് തീർത്തു. പിന്നീട് പലപ്പോഴെല്ലാമായി വീട്ടിലേക്കും തിരിച്ചുമുളള യാത്രകളിലൊക്കെ ചിന്തകളിൽ ഒന്നുമില്ലാതിരുന്നപ്പോൾ, സമയം പോകുന്നില്ല എന്നു തോന്നിയപ്പോൾ ബാർട്ടൻ ഹില്ലിലേക്കുളള ആദ്യ യാത്രയുടെ നിമിഷങ്ങൾ തിരിച്ചുകിട്ടിയെങ്കിൽ എന്ന് വെറുതെയെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്.
സർക്കാർ വക നിയമ കലാലയം ഇന്നും പ്രൌഡിയോടെ അനന്തപുരിയുടെ ബാർട്ടൻ ഹില്ലിൽ നിലകൊളളുന്നു. രണ്ടര കൊല്ലം മുമ്പ് ഒരു ഒക്ടോബർ മാസത്തിനെ്റ ആരംഭത്തിലാണ് മണൽതരികളെ ഒൌദ്യോഗികമായി സ്പർശിച്ചുകൊണ്ട് ഞാനാ കലാലയത്തിലേക്ക് നടന്നുകയറിയത്. അവിടുത്തെ വഴികളിലൊക്കെയും വെയിലിനെ തടഞ്ഞുനിർത്തുന്ന തണൽമരങ്ങൾ നിരയായി നിന്നിരുന്നു. കുറേ ചോദ്യങ്ങളും ഉത്തരങ്ങളും ആ തണലുകൾക്കുളളിൽ നിറഞ്ഞിരുന്നുവെന്നത് എനിക്കിപ്പോൾ മനസ്സിലാകുന്നു. സമയം 2-33, ഉറക്കെയൊന്ന് ചൂളം വിളിച്ച ശേഷം ജനശതാബ്ദി എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ നിന്നും അകന്നു തുടങ്ങി.
.
..തുടരും