2017 ജൂൺ 11, ഞായറാഴ്‌ച

റീഫോർമേഷൻ

REFORMED COLOUR OF KOCHI

രാവിലെ ജോലിക്ക് പോകുന്ന നേരം ഏകദേശം ഒരു മണിക്കൂർ ബസ്സ് യാത്ര.. ബ്ലോക്ക് കിട്ടുന്ന സമയത്ത് ചിലപ്പോൾ അതിൽ കൂടുതൽ സമയം. സാമൂഹിക അജണ്ടകൾ സമ്മാനിക്കുന്ന വേഗതയുടെ അടിസ്ഥാന തത്വങ്ങളെ പണ്ടേ തള്ളിക്കളഞ്ഞതാണ്. എന്നിരുന്നാലും ചില ഉത്തരവാദിത്വങ്ങളോട് നമ്മൾ പാലിക്കേണ്ട മനോഭാവം, വാക്ക് കൈമാറുന്ന വ്യക്തികളോടുള്ള ബഹുമാനം എന്നതെല്ലാം വെച്ച് രാവിലെ ഓഫീസിൽ ബ്ലോക്കിൽ പെടാതെ കൃത്യസമയത്തെത്തുമോ എന്നത് മാത്രമായിരിക്കും ചിന്ത..

ഒരു ദിവസം നേരത്തെയിറങ്ങി ബ്ലോക്കിനെ അതീജീവിക്കാൻ കഴിയുമോ എന്ന് നോക്കി. പക്ഷേ നിർഭാഗ്യവശാൽ അന്നായിരുന്നു കൂടുതൽ സമയം ബ്ലോക്കിൽ കിടന്നത്. പുറകിൽ വന്ന ഏതൊക്കെയോ ബസ്സുകൾ ചില ഇടവഴികൾ കയറി പോയതുകൊണ്ട് എനിക്കു പിന്നിൽ വന്ന നമ്മുടെ നാട്ടുകാരൻ അവൻറെ ജോലിസ്ഥലത്ത് അധികം വൈകാതെ എത്തി.. സമയം മാത്രമല്ല .യാത്രയിൽ ഭാഗ്യവും കൂടി വേണം എന്നാലേ എറണാകുളം നഗരത്തിലേക്ക് ഏന്തിവലിഞ്ഞെത്തുന്ന ബ്ലോക്ക് മറികടക്കാൻ കഴിയൂ അതാണ് സത്യം..
ഏതെങ്കിലും ഒരു വണ്ടി തടസ്സപ്പെട്ടാലോ, മുന്നിട്ടുകയറിയാലോ, തിരക്കുപിടിച്ച് ഇടയ്ക്ക് കുത്തിപതുങ്ങി വന്നാലോ, അശ്രദ്ധകൊണ്ട് ചെറിയ ആക്സിഡൻറുകൾ സമ്മാനിച്ചാലോ, രാവിലെയുള്ള തിരിക്ക് പിടിച്ച ഓട്ടത്തിൽ കേരളത്തിലെ വാഹന സാക്ഷരതയെ അളക്കാനുള്ള സമയം കിട്ടും.. അത്രമാത്രം വാഹനങ്ങൾ റോഡിൽ തിങ്ങിനിറയുന്ന കാഴ്ച അത് ബ്ലോക്ക് വന്നാലേ കാണാൻ പറ്റൂ..പ്രത്യേകിച്ച് ഹൈവേകളുടെ ഭാഗമാകുമ്പോൾ.. ശ്ശേ.. ച്ശേശ.. ഇതെന്തൊരു.. ഇവൻമാര്.. പണ്ടാരം.. ഹോ.. മ്ഹഹ്.. ഇങ്ങനെ തുടങ്ങി വിവിധ തരം നെടുവീർപ്പുകളും, നിരാശകളും ഉയർന്നു കേൾക്കാം.. ബ്ലോക്കുകളിൽ പണ്ടേ കിടന്നിട്ടുണ്ടെങ്കിലും രാവിലെ ജോലിക്കുപോകുമ്പോൾ കിടക്കുന്ന കിടപ്പ് ഒന്നു വേറെ തന്നെയാണ്..പ്രത്യേകിച്ച് യാത്രക്കാരിൽ 95 ശതമാനവും പല പല ജോലികൾക്കായ് ചേക്കേറുന്നവരാകുമ്പോൾ..



വൈകുന്നേരം പക്ഷേ ഇങ്ങനെയൊന്നുമല്ല.. വളരെ സാവധാനം.. റിലാക്സ് ചെയ്ത്.. സമാധാനത്തോടെ തിരിച്ച് വീട്ടിലേക്ക് പോകാൻ പറ്റുന്ന ബസ്സുകളും, വഴികളും തെരഞ്ഞെടുത്ത് പോകും.. നിലവിൽ ബസ്സുകൾ പോകുന്ന അഞ്ചോളം റൂട്ടുകളിൽ പോയാൽ വീടെത്താം.. അതിലേറ്റവും പ്രിയപ്പെട്ട രണ്ട് റൂട്ടുകൾ മിനിറ്റുകൾ കൊണ്ട് തന്നെ നഗരം വിടുന്നതാണ്.. മറ്റു മൂന്നു റൂട്ടുകളും നഗരത്തിൻറെ ബഹളങ്ങൾ നിറഞ്ഞതായതുകൊണ്ട് ഒഴിവാക്കുകയാണ് പതിവ്..

ഒന്ന്- ബസ്സിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കായൽ കാഴ്ചകൾ കണ്ടങ്ങിനെ പോകുന്നത്..
രണ്ട്- ആദ്യം ബോട്ടിൽ പോയി ബസ്സിലേക്ക് മാറിക്കയറുന്നത്..

വൈകുന്നേരങ്ങളിലെ യാത്രകളിലെ സമയങ്ങൾ മുഴുവൻ ചിന്തകളാണ്.. ചിലപ്പോൾ പാട്ട് കൂട്ടിനുണ്ടാകും.. വളരെ റിലാക്സഡ് ആയ ഇൻസ്ട്രുമെൻറൽ മ്യൂസിക്കുകളും, നമ്മുടെ മൂഡിനെ സ്വാധീനിക്കുന്ന പാട്ടിൻറെ പ്ലേലിസ്റ്റുകളും മൊബൈൽ ഫോണിൽ ഇള്ളതുകൊണ്ട് സായന്തനത്തിൻറെ ബാഗ് ഗ്രൌണ്ട് സംഗീതം നിറഞ്ഞതാണ്.. ചിലപ്പോൾ പൂർണ്ണമായും വിവിധ ആലോചനകളിൽ മുഴുകിയിരുന്നാൽ മനസ്സിലെ സംഗീതം വിടർന്നു വരും അപ്പോൾ ഫോണിലെ റെക്കോഡുകളുടെ ആവിശ്യം വരില്ല.. വൈകുന്നേരങ്ങളിൽ കണ്ണിൽ പതിക്കുന്ന നിറങ്ങളാണ് മറ്റൊന്ന്- ക്രീം വൈറ്റും, ആഷ് ബ്ലൂവും, ബ്ലാക്ക് ഷാഡോയും, സിൽവറും, ഓറഞ്ചും, യെല്ലോവും, റെഡും, അങ്ങിനെ എന്തെല്ലാമോ കൂട്ടിക്കുഴച്ച് ആകാശം വാരിവിതറുന്ന നിറങ്ങൾ.. മഞ്ഞും, തണുപ്പും, ചാറ്റൽ മഴയും, ഇരുണ്ട മേഘങ്ങളും, അവയ്ക്കിടയിൽ കാണുന്ന വഴിവിളക്കുകളും , ചീനവലയിലെ റാന്തൽ വിളക്കുകളും, പ്രകൃതിയൊരുക്കുന്ന പച്ചപ്പിൻറെ ഇരുട്ടുമുഖങ്ങളും എന്നു വേണ്ട രാത്രി ശബ്ദങ്ങളുടെ മായികമായ അന്തരീക്ഷത്തിൽ താളബോധത്തോടെയെന്നപോലെ സ്ഥിരം കേൾക്കുന്ന ഒച്ചകൾ.. നീണ്ടു പരന്ന കായലിലേക്ക് രാത്രിവെളിച്ചം വീശി വരാറുണ്ട്, ചിലപ്പോൾ സ്പോട്ട് ലൈറ്റിനേക്കാൾ ഭംഗിയോടെ അവ പ്രതിബിംബങ്ങളാകും..
ബസ്സിലേക്ക് ഒരുപാട് ആളുകൾ കയറിയും ഇറങ്ങിയും പോകും.. ചില മുഖങ്ങൾ പരിചിതമായ് തോന്നും.. മറ്റു ചിലപ്പോൾ വസ്ത്രങ്ങളിലെ നിറത്തിൻറെ ഷെയ്ഡുകൾ ഓർമ്മകളിലേക്ക് എവിടെയോ കൊണ്ടെത്തിക്കും.

മനുഷ്യവാസമുള്ള ഇടങ്ങളിൽ അവൻറെ സമൂഹത്തിലെ പ്രാധാന്യങ്ങളിൽ ഭ്രമിച്ചു പോവാതിരിക്കാൻ നാളെ ചിലപ്പോളൊരു ഭൂകമ്പമോ സുനാമിയോ വന്നാലോ എന്ന് ചിന്തിച്ച്, ഞാൻ സ്ഥിരം ഇറങ്ങാറുള്ള സ്റ്റോപ്പിലേക്ക് ബസ്സിൽ നിന്നിറങ്ങും.. പിന്നെ പടിഞ്ഞാറേ നടയിലുള്ള ചായക്കടയിലെ ദോശക്ക് വേണ്ടിയുള്ള നടത്തമാണ്.. അവിടെ ചെന്ന് ദോശയും ചമ്മന്തിയും ചിലപ്പോൾ അതിലേക്ക് പപ്പടവും പൊടിച്ച് ചേർത്ത് കഴിക്കും.. സ്ഥിരക്കാരനായതുകൊണ്ട് പതിവു പുഞ്ചിരികളും , നോട്ടങ്ങളും കൂട്ടത്തിലിത്തിരി കുശലാന്വേഷണങ്ങളും കൈമാറി വരാറുണ്ട്.. ചുറ്റമ്പലത്തിൻറെ മതിലുകൾ പ്രദക്ഷിണം വെയ്ക്കുന്ന പോലെ പുല്ലുകളും മരങ്ങളും അരികിലായുള്ള റോഡിലൂടെ വീട്ടിലേക്കെന്ന് ലക്ഷ്യം വെച്ച് നീങ്ങും..
.പിന്നെ ദിനചര്യകൾ..... ഉറങ്ങിയെഴുന്നേൽക്കുമ്പോൾ നാളെ രാവിലെ വീണ്ടും ഓഫീസിൽ പോകണം....



2017 ജനുവരി 10, ചൊവ്വാഴ്ച

രണ്ടാം ലോക മഹായുദ്ധത്തിൻറ പുതിയ സിനിമാ വിശേഷങ്ങൾ

സിനിമ കാണുന്നതോടെ നമ്മുടെയുള്ളിൽ ചില വൈകാരിക തലങ്ങളെ അതിലെ രംഗങ്ങൾ സ്പർശിച്ചു പോകുന്നുണ്ടങ്കിൽ തീർച്ചയായും കഥയ്ക്കകത്ത് റിലേറ്റ് ചെയ്യാൻ കഴിയുന്ന പല അനുഭവങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും.
സൈക്കോളജിക്കലി നമ്മെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട് സിനിമയ്ക്കുള്ളിൽ. അതിലൊന്ന് കാലഘട്ടം തമ്മിലുള്ള സമയം ദൈർഘ്യം ഇതിനെയെല്ലാം കുറച്ചു സമയത്തേക്കെങ്കിലും മറികടക്കാൻ കഴിയും എന്നതു തന്നെയാണ്. സിനിമയെ തീർച്ചയായും സ്വപ്നങ്ങളുടെ ടൈംമെഷീൻ എന്ന് വിളിക്കാവുന്നത് അതിൻറെ ഈ റിലേറ്റീവ് പ്രത്യേകതകൾ കൊണ്ടുതന്നെയാണ്.. പതിനായിരം കൊല്ലം പിറകിലേക്കും അതേപോലെ മുന്നിലേക്കും പ്രേക്ഷകനെ സഞ്ചരിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കും.
( ടെക്നിക്കൽ ക്വാളിറ്റി ഉണ്ടായിരിക്കണം എന്നുമാത്രം. )
ഇങ്ങ് എൺപതുകളുടെ അവസാന ഘട്ടത്തിൽ ജനിച്ചുവീണ എനിക്ക് എൻറെ അനുഭവങ്ങളോട് ചേർത്ത് വായിക്കുവാൻ പറ്റുന്ന നിരവധി സിനിമകളുണ്ടായിട്ടുണ്ട്. അതിൻറെയെല്ലാം വിവരണം ക്രത്യമായി എഴുതിയിടാൻ സാധിക്കാറില്ലെങ്കിലും പലരോടും ഞാൻ റെക്കമൻഡ് ചെയ്യാറുണ്ട്.
കാലഘട്ടങ്ങളെ അതിജീവിക്കുന്ന രംഗങ്ങൾ എങ്ങിനെ രൂപപ്പെടുത്താം, കഥകളെങ്ങിനെ തെരഞ്ഞടുക്കാം എന്നൊക്കെ തൻറെ സിനിമകളിലൂടെ പഠിപ്പിച്ചുതന്ന സംവിധായകനാണ് റോബർട്ട് സെമെക്കസ്. ഒരു കഥാപാത്രത്തെ എങ്ങിനെ പ്രേക്ഷകരിലേക്ക് പരകായപ്രവേശം നടത്താമെന്ന് മനസ്സിലാക്കാൻ അദ്ധേഹത്തിൻറെ ഫോറസ്റ്റ് ഗമ്പൊന്നു മാത്രം മതിയെന്നാണ് ഞാൻ കരുതുന്നത്. ബാക്ക് ടു ദു ഫ്യൂച്ചർ സിനിമകളുടെ ലോകമെമ്പാടുമുള്ള ആരാധകരുടെ കൂട്ടത്തിലേക്ക് കുട്ടിക്കാലത്തെ ചെന്നെത്തിച്ചതിൻറെ പൂർണ്ണമായ ക്രഡിറ്റ് അതിൻറെ സംവിധായകനാണ്. പക്ഷേ കഥകളോടും , സിനിമയുടെ ആശയവിനിമയ രീതികളോടും വല്ലാതെയൊരു അടുപ്പം തോന്നിക്കുന്ന ,യൂസ്ഡ് കാർസും, കോൺടാക്ടും , കാസ്റ്റ് എവേയും അടുത്തിറങ്ങിയ ഫ്ലൈറ്റും, വാക്കും അങ്ങിനെ ഒത്തിയൊത്തിരി നിമിഷങ്ങൾ സമ്മാനിച്ചതിന് അദ്ധേഹത്തോട് ഒരു സിനിമാസ്വാദകൻ എന്ന നിലയ്ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു.
വിഷ്വൽ എഫ്ക്റ്റിസിൻറെ വ്യാപനത്തിനും, സാധ്യതകൾക്കും വലിയ സംഭാവനകൾ ലോക സിനിമയ്ക്ക് നൽകിയൊരാൾ എന്ന നിലയിലും റോബർട്ട് സെമക്കസ് പ്രസിദ്ധനാണ്.
പക്ഷേ ഞാൻ അദ്ധേഹത്തെ ഇപ്പോ ഓർത്തെടുക്കാൻ കാരണം ഇതൊന്നുമല്ല.
അലൈഡ് എന്ന പുതിയ ചിത്രം- രണ്ടാം ലോക മഹായുദ്ധകാലത്തെ പ്രമേയം. യുദ്ധങ്ങളും , മനുഷ്യ സമൂഹത്തിൻറെ ശത്രുതയുമെല്ലാം ആർക്കോ വേണ്ടി നിശ്ചയിക്കപ്പെട്ട ഒന്നുമാത്രമെന്ന് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട് അതിമനോഹരമായൊരു സിനിമാവാക്യം രൂപപ്പെടുത്തിയിരിക്കുകയാണ്. ബ്രാഡ് പിറ്റും, മരിയോണും അവരുടേ തനതായ ശൈലിയിൽ വേഷങ്ങളെ പക്വതയോടെ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഐഎഫ്എഫ്കെയിൽ നല്ല സിനിമകൾ ഒട്ടേറെ കണ്ടുവെങ്കിലും എനിക്കതെല്ലാം എഴുതിയിടണമെന്നു തോന്നിയിരുന്നില്ല.
തീയറ്ററിൽ പോയി അലൈഡ് കാണുവാൻ പറ്റുന്നവരെല്ലാം അത് കാണുക. സെൻസർഷിപ്പ് കത്തിവെച്ച് ചിലഭാഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും വലിയ പോറലേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്..
അക്ഷൻ മൂവിക്ക് തുല്യമായും, ക്രൈം സിനിമകളില ത്രസിപ്പിക്കുന്ന രീതികളോടും അലൈഡ് ചിലയിടത്ത് കൊമേഴ്സലൈസ് ചെയ്യുന്നപോലെ തോന്നാം. പക്ഷേ രണ്ടാംലോക മഹായുദ്ധത്തെ അതേ തീവ്രതയോടെ തന്നെ റൊമാൻറിക്ക് തലത്തിലേക്ക് സിനിമയെ കൊണ്ടുപോകുന്നതിൻറെ എഡിറ്റിംഗ് വിഷ്വൽ ബ്ലെൻഡുകളെ വിസ്മയത്തോടെ മാത്രമേ പ്രേക്ഷകന് സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.
ഒരു കത്തോടു കൂടി സിനിമ അവസാനിക്കുമ്പോൾ ചരിത്ര ശേഷിപ്പിൻറെ ഭാഗമാകുവാൻ നമ്മുടെ ജനനത്തിന് സാധിച്ചിട്ടുണ്ടോ എന്ന് ആർക്കെങ്കിലും തോന്നിയാൽ അതാസിനിമയുടെ കമ്മ്യൂണിക്കേഷൻറെ പ്രത്യേകത ഒന്നുകൊണ്ടു മാത്രമാണ്. കഥയിലെ സന്ദർഭങ്ങളിൽ ചിലയിടത്ത് ഡ്രമാറ്റിക്ക് ഹീറോയിക്ക് പരിവേഷം നായകനും, നായികയ്ക്കും മാറിമാറി വരുന്നതൊഴിച്ചാൽ അലൈഡ് 2017ൽ ഞാൻ കണ്ട ഒരു ബ്രില്ലെൻഡ് ക്രാഫ്റ്റാണ്..
മറാത്തി മൂവി സായിരാത്തിനെ ഓർമ്മിപ്പിച്ച ഒരു രംഗം അലൈഡിലെ അവസാന ഭാഗത്തുണ്ട്. ക്യാമറാക്കണ്ണുകൾ കൊച്ചുകുഞ്ഞുങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്നതോടെ കഥയുടെ ഫിനിഷിംഗിന് ആവശ്യമായ ഘടകങ്ങളെല്ലാം അവിടെ പൂർത്തിയാകുന്നു. സായിരാത്തും അലൈഡും രണ്ട് കാറ്റഗറികളാണ്. എന്നിരുന്നാലും ഫിനിംഷിംങ്ങിൻറെ മാന്ത്രികത നമുക്കവിടെ കാണാം..
അലൈഡിനെക്കുറിച്ച് ഒരുപാട് പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാണാൻ താൽപര്യമുള്ളവർ, സാധിക്കുന്നവർ അലൈഡിൻറെ നല്ല സിനിമാറ്റിക്ക് എക്സ്പീരിയൻസിന് വിധേയരാവുക..

2015 ജൂൺ 28, ഞായറാഴ്‌ച

ഇനിയെന്താണു വേണ്ടത്..

വർഗ്ഗീയതയും, സാമുദായികതയും, വംശീയതയും അങ്ങിനെ നിരവധി കാരണങ്ങളാൽ യുദ്ധങ്ങളും കലാപങ്ങളും നടക്കുന്നു-  നടന്നുകൊണ്ടിരിക്കുന്നു.  

ഇതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് പുറംലോകത്ത് എത്തുന്ന വാർത്തകൾ വളരെ കുറച്ച് മാത്രമാണ്.  

ഇൻറർനെറ്റിൽ നടക്കുന്ന സെൻസറിംങ്ങD  ഇത്തരം വാർത്തകളെ പിന്നേയും ചുരുട്ടിക്കെട്ടുന്നു.  

യുദ്ധത്തിൻറെ ഭീകരമുഖങ്ങളെ അടുത്തറിഞ്ഞാൽ ആരുമൊന്ന് പതറിപ്പോകും  മനുഷ്യത്വത്തിൻറെ വിവിധ രംഗങ്ങളെ നോക്കികാണേണ്ടത് ഏതുരീതിയിലാണെന്ന്  നിരവധി ചിത്രങ്ങൾ പറഞ്ഞുതരും.

പക്ഷേ പോത്തുകളുടെ ചെവിയിൽ വേദമോദിയിട്ടു കാര്യമില്ലല്ലോ...? ആക്രമണങ്ങളും, പ്രത്യാക്രമണങ്ങളും,  പ്രതിരോധങ്ങളും തുടരുന്നു.
After war

2015 ജനുവരി 16, വെള്ളിയാഴ്‌ച

ഒരിത്തിരി വകതിരിവ് വേണ്ടേ ചങ്ങായിമാരെ!


ശബ്ദത്തിന് സിനിമയിലുള്ള പ്രാധാന്യം വലുതാണല്ലോ.  മുഖ്യധാര സിനിമയിൽ ശബ്ദത്തിനെ പല രീതിയിലാണ് സന്നിവേശിപ്പിക്കുന്നത്.

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് ആമീർഖാൻ മുഖ്യവേഷത്തിലെത്തുന്ന 'പി.കെ ' എന്ന ഹിന്ദി സിനിമ കുടുംബാങ്ങളോടും, കൂട്ടുകാരോടും ചേർന്ന് കാണുവാനിറങ്ങിയ നമ്മുടെ ചങ്ങാതി.

ഈ ചങ്ങാതി സിനിമയിലെ ശബ്ദം സന്നിവേശിപ്പിക്കുന്ന ബോംബെയിലുള്ള കമ്പനിയിലെ തൊഴിലാളിയാണ്.  ലീവിന് നാട്ടിൽ വന്നതാണ്.

അങ്ങിനെ സിനിമ തുടങ്ങി ഇൻറെർവെല്ലുമായി. തന്റെ കൂടെ വന്ന കുടുംബാങ്ങൾക്ക് സിനിമ ഇഷ്ടായോ എന്ന് ഇടയ്ക്കിടെ ചോദിക്കുകയും ചെയ്തു. എല്ലാവരും സന്തോഷത്തോടെ തലയാട്ടി. സിനിമ കഴിഞ്ഞതും കുറേ പേർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതും ചങ്ങാതി കൂടുതൽ സന്തോഷത്തോടെ കുടുംബാങ്ങളോടു പറഞ്ഞു അവസാനത്തെ END TITLEൽ  എന്റെ പേര് കൂട്ടത്തിൽ  എഴുതിക്കാണിക്കുന്നുണ്ട്. അങ്ങിനെ കൂടെ വന്നവരെല്ലാവരും അത് ശ്രദ്ധിച്ചു നിൽക്കാൻ തുടങ്ങി. പക്ഷേ പെട്ടെന്ന് പ്രൊജക്ടർ റൂമിൽ നിന്ന് ടൈറ്റിൽ മുഴുവനാക്കാതെ ഓഫ് ചെയ്തു. പേര് നോക്കി വായിക്കാൻ നിന്നവരെല്ലാവരും നിരാശരായി. തന്റെ പേര് ഇന്ന സ്ഥലത്താണുള്ളതെന്നും അത് മുഴുവൻ കാണിച്ചില്ലെന്നും പറഞ്ഞ് ചങ്ങാതി തീയറ്ററിനു പുറത്തേക്കിറങ്ങി. പക്ഷേ കൂടെ വന്ന കൂട്ടുകാരന് അതത്ര സഹിച്ചില്ല.അവസാനത്തെ സ്ക്രോളിംങ് ടെറ്റിൽ മുഴുവൻ
കാണിക്കാത്തതെന്താന്നു ചോദിച്ച് തീയറ്ററിന്റെ മാനേജരോട് തട്ടിക്കയിറി. അപ്പോ മാനേജരു പറയുവാ അടുത്ത പടം തുടങ്ങുന്നതിനു മുൻപ് പ്രൊജക്ട് ഓപ്പറേറ്റർക്കു കുറച്ചു സമയം വിശ്രമം വേണം അതാ മുഴുവൻ കാണിക്കാഞ്ഞതെന്നു.  അത് കേട്ടതോടെ അതുവരെ ഇതൊക്കെ കണ്ട് നിന്ന ചങ്ങായി മുന്നോട്ട് വന്ന് സിനിമയുടെ അവസാനത്തെ ഫ്രെയിം വരെ പ്രേക്ഷകരുടെ മുൻപിൽ കാണിക്കണമെന്നും അതിനിടയ്ക്കുവെച്ച് ഓഫ് ചെയ്യാൻ നിങ്ങൾക്കവകാശമില്ലെന്നു അവനറിയാവുന്ന രീതിയിൽ പറഞ്ഞു.

സിനിമ വ്യവസായവുമായി ബന്ധമുള്ള ആളാണെന്നു കൂടി മനസ്സിലാക്കിയതോടെ പിന്നെ മറുവാദം പറയാതെ അവർ മിണ്ടാതെ നിന്നു.

 സിനിമ എന്നത് ഒരു കൂട്ടായ്മയുടെ കലയാണ്.  വൻ വിജയമായി മാറിയ ഒരു സിനിമയുടെ ഭാഗമാണ് താനെന്ന് തന്റെ വീട്ടുകാരോടോ , കൂട്ടുകാരോടോ, പരിചയക്കാരോടോ പറഞ്ഞ് പേര് അവസാനത്തെ ടൈറ്റിലിൽ എഴുതിക്കാണിക്കുമെന്നും അത് പോയി കാണണം എന്നൊക്കെ അഭിമാനത്തോടെ അവർ അണിയറയിൽ തിളങ്ങാതെ നിൽക്കുന്ന സിനിമാതൊഴിലാളികൾ പറയും. അവർക്കു കിട്ടുന്ന ആദരവാണ് അവരുടെ പേര് വരുക എന്നത്.  അത് കാണുക എന്നത് പ്രേക്ഷകൻ എന്ന നിലയിലുള്ള അവകാശവുമാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട് ജോലിചെയ്തവരുടെ പേരുകൾ എഴുതിക്കാണിക്കുന്ന അവസാന ടൈറ്റിൽ ഭാഗം കാണിക്കാതിരിക്കുന്ന തീയറ്ററുകാർക്കെതിരെ നടപടിയെടുക്കണമെന്നതിൽ തെല്ലും സംശയമില്ല.

നിരവധി തീയറ്ററുകളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അവസാനം കമ്പനിയുടെ ലോഗോ കാണിക്കുന്നവരെ ഇംഗ്ലീഷ് സിനിമകളുടെ ടൈറ്റിലുകൾ ടിവിയിൽ കാണിക്കുന്നത് കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കണം അവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാണ് പ്രവർത്തിക്കുന്നതെന്ന്. സംഗതി ചെറുതാണേലും ഒന്ന് ചിന്തിച്ചു നോക്കിയാൽ അതിന്റെ ആഴം മനസ്സിലാകും..

2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ചുംബിക്കാനിഷ്ടമില്ലാത്തവരുണ്ടെങ്കിൽ മടിക്കാതെ പറയണം..!


കൂട്ടുകെട്ടിലെ ചായങ്ങൾ
 സിനിമാ പാരഡിസോ എന്ന പ്രശസ്ത ഇറ്റാലിയൻ ചിത്രത്തിൽ പാതിരി മണിയടിച്ച് ഒഴിവാക്കുന്ന ചുംബന രംഗങ്ങൾ കഥാപാത്രമായ ടോട്ടോയ്ക്ക് , ആൽഫ്രഡോ വഴി ലഭിക്കുന്നതും ടോട്ടോ അത് കാണുമ്പോഴുണ്ടാകുന്ന
നിമിഷങ്ങളും ഏതൊരു സിനിമാസ്വാദകനേയും വൈകാരികമായി അനുഭവിപ്പിക്കുന്നതാണ്.. (അനുഭവിക്കുന്നത് സിനിമ കാണുന്നവരുടെ മാനസിക തലം അനുസരിച്ചാണ്)..

 ആവിഷ്കരണം ലളിതമാണ് എന്നതുകൊണ്ട് തന്നെ സിനിമാപാരഡിസോ ഭാഷയുടെ അതിർവരമ്പുകൾക്ക് അപ്പുറത്താണ്. ഇതിപ്പോൾ പറയാൻ കാരണം മാനസിക തലത്തെ എടുത്തുപറയാൻ വേണ്ടിയാണ്. സമൂഹം സ്യഷ്ടിച്ചെടുക്കുന്ന ചില ഘടകങ്ങളുണ്ട് അതിനെ മറികടക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ തന്നെ അനിവാര്യതയാണ്. ഇവിടെ നല്ലതും ചീത്തയും വേർതിരിച്ചെടുക്കുന്ന കാഴ്ചപ്പാടുകളുമായുള്ള ഏറ്റുമുട്ടലുകൾ തന്നെയാണ് കടന്നുവരുന്നത്.
സിനിമയിലെ പ്രണയരംഗങ്ങൾ കണ്ട് കൈയ്യടിക്കുകയും ജീവിതത്തിൽ അതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നത് സാമൂഹത്തിലെ വ്യക്തി, കുടുംബ, ജാതി, മത, വർഗ്ഗ ബന്ധുത്വങ്ങളുടെ പ്രേരണകൊണ്ട് മാത്രമാണ്.ഇത്തരം പ്രേരണങ്ങൾ ചില താൽപര്യങ്ങളുടെ പുറത്താണ് കടന്നുവരുന്നത്. ആ താൽപര്യങ്ങളെ തിരിച്ചറിഞ്ഞ് തള്ളിക്കളയുക
എന്നതാണ് ഇത്തരം പ്രവണതയ്ക്കെതിരെയുള്ള ആദ്യത്തെ പോംവഴി.
വെല്ലുവിളികൾ കൊണ്ടല്ല മാനസികമായ നവോത്ഥാനം കൊണ്ടാണ് സാഹചര്യങ്ങളെ അനുകൂലമാക്കുന്നത്. കൂട്ടായ്മകളിലൂടെ തീർച്ചയായും വേണ്ട പ്രതിഫലനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കപ്പെടും പക്ഷേ അത് അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും ഒരു വേർതിരിവ് സൃഷ്ടിക്കും. നമുക്ക് ,യഥാർത്ഥത്തിൽ ബോധവത്കരണമാണ് വേണ്ടത്. ആ ബോധവത്കരണത്തിന് ദീർഘായുസ്സും ഉണ്ടായിരിക്കണം.

കാണുന്നവന്റെ കണ്ണിലുടക്കിയ വൈകാരിക പ്രബുദ്ധതയാണ് ഈയടുത്ത് സംഭവിച്ച ചുംബനവാർത്തയ്ക്കാധാരം. സദാചാരമെന്ന വ്യാഖ്യാനത്തെ പടുത്തുയർത്തുന്നവർക്ക് സംഭവിച്ച ചുംബനത്തിന്റെ പാപ്പരത്വം അവർ ആഗ്രഹിച്ചുണ്ടായതല്ല അതങ്ങിനെ സംഭവിച്ചതാണ് അല്ലെങ്കിൽ അവർക്ക് ചുറ്റുമുള്ളത് രൂപപ്പെടുത്തിയിടുത്തതാണ്. അവരതിനെ പ്രായമെന്നും, ബന്ധുവെന്നും, സംസ്കാരമെന്നും പറഞ്ഞ് എതിർക്കും അതെങ്ങിനെ തെറ്റാകും അവർ വളർന്നു വന്ന സഹജീവിവാസവും , സാഹചര്യവും അങ്ങിനയാണ് പറയുന്നത്. ഇവിടെ പ്രകോപനമാണ് വാർത്തയിലൂടെ പടർന്നത്.
 പ്രകോപനം അനുകൂലികളേയും, പ്രതികൂലികളേയും ബാധിച്ചു. ചുംബിക്കാനറിയാത്തവരെന്നും, അറിയുന്നവരെന്നും വിഭാഗങ്ങളുണ്ടായി. ഞാൻ വീണ്ടും പറയുന്നു നമുക്കാവശ്യം വിഭാഗീയതയല്ല ശരിയായ വിദ്യയെന്ന അറിവാണ്- തിരിച്ചറിവാണ്. എവിടെയാണ് സമൂഹവും, പ്രതിഫലനങ്ങളും, പ്രകോപനങ്ങളും ചെന്നെത്തുന്നത്. മാറ്റം വേണ്ടത് നമ്മൾ സ്വയം പടുത്തുയർത്തിയ നവമൂല്യങ്ങളുടെ പൊളിച്ചെഴുത്താണ്.
 വളർന്നു വരുന്ന ജാതി. മത വിചാരങ്ങളിൽ നിന്നും പൊതുബോധത്തിലേക്കെത്തുക. നിഷ്കളങ്കതയുമുള്ള മാനസിക വ്യായാമങ്ങൾക്കനുയോജ്യമായ അറിവ് സമ്പാദിക്കുക.

ചുംബനങ്ങൾക്ക് മനോഹാരിതയുണ്ട്. അതൊരംഗീകാരത്തിന്റെയും, സ്നേഹത്തിന്റേയും, ബഹുമാനത്തിന്റേയും, ആദരവിന്റേയും, ആഹ്ലാദത്തിന്റേയും , സന്തോഷത്തിന്റേയും ആശയവിനിമയമാണ്.  പ്രേമമെന്നും, കാമമെന്നും മാത്രം പറഞ്ഞ് ചുംബനം നൽകുന്ന അനുഭൂതിയെ പൊതുസമൂഹത്തിൽ പിടിച്ചുകെട്ടിയിടാനാവില്ല. അത് പടർന്നുകൊണ്ടേയിരിക്കും അതിലൊരു ആശയവിനിമയത്തിന്റെ സംഗീതമുണ്ട്. ഒരുമ്മയിലെ സൗന്ദര്യം അതു നൽകുന്ന അന്തരീക്ഷത്തിലെ രാഗതാളത്തേയും പ്രതിനിധാനം ചെയ്യുന്നു. കൂട്ടായ പൊതുചർച്ചകൾ ഉണ്ടാകുന്നത് മാറ്റത്തിനു നല്ലതു തന്നെ പക്ഷേ അതൊരിക്കലും വെല്ലുവിളികൾ മാത്രമായിത്തീരാതിരിക്കട്ടെ.

2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

കമ്മ്യൂണിക്കേഷന്‍ കണ്‍വേര്‍ജന്‍സ് ബില്ലിനുള്ളിലേേേേ......

മാധ്യമങ്ങള്‍ക്കെതിരെ  അരങ്ങില്‍ പടയൊരുക്കം നടത്താമെന്ന വ്യാമോഹം വെറും മോഹം മാത്രമാണെന്ന് മോദിജിക്ക് അറിയാത്തത് കൊണ്ടാലെ പഠിക്കൂ എന്നായിരിക്കും...

വാജ്പേയ് ഒരിക്കല്‍ ശ്രമം തുടങ്ങിവെച്ച്  കാട്ടികൂട്ടിയത് അങ്ങിനെ മറന്ന് കളയാമോ ജീ...

എന്തായാലും കമ്മ്യൂണിക്കേഷന്‍ കണ്‍വേര്‍ജന്‍സ് ബില്‍ അത്ര പെട്ടെന്ന് നിയമമാക്കി എന്തൊക്കെയോ ഇവിടെയങ്ങ് സ്ഥാപിച്ചെടുക്കുമെന്നാണ് വിചാരമെങ്കില്‍ അതങ്ങ് നേപ്പാളില്‍ പോയി പറഞ്ഞാ മതി..

ഉണ്ണാന്‍ മാത്രമല്ല ഊണുണ്ടാക്കാനും പത്രപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നുള്ളത്  രാഷ്ട്രീയ രാജാക്കന്‍മാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

ബില്ലിനുള്ളിലെ അപകടത്തെക്കുറിച്ച് മാധ്യമ ലോകത്തുള്ളവര്‍ക്ക് നല്ല ബോധമാണുള്ളത് ഹേ!..

പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്ത് കരിനിയമത്തെ എങ്ങനെയൊക്കെ  പ്രായോഗികമാക്കാമെന്ന് ചിന്തിച്ച് മന:പായസമുണ്ണുന്നവര്‍ പതിയെ ഇലക്ട്രോണികില്‍ നിന്നും  തുടങ്ങി മൊത്തം മാധ്യമങ്ങളേയും കൈപ്പിടിയില്‍ ഒതുക്കാമെന്ന് വിചാരിച്ചിട്ടുണ്ടേല്‍ അതൊന്നും നടപ്പാകില്ല ഹേേ...





2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

പ‍ഴമയ്ക്കുണ്ടോ പറയാന്‍....?

പേപ്പര്‍ പുതുമ
പറയാനായി മാത്രം  ഓണക്കൂട്ടുകള്‍ കാണാനുണ്ടെങ്കിലും  പ‍ഴമയുടെ നന്മകള്‍ നഷ്ടപ്പെടാനായി മാത്രം ബാക്കി നില്‍ക്കുന്നു..

2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഒരപകടം മുന്നറിയിപ്പായെങ്കിലും കടന്നുവന്നിരിക്കുന്നു


മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് അവഗണിക്കുന്നവരുടെ ലഹരിയെക്കുറിച്ച് ഒരു പഠനം നടത്തിയാല്‍ അവര്‍ക്കു പറയാനുള്ളത് പലവിധ മാനസിക വ്യതിയാനങ്ങളെക്കുറിച്ചാണ്.


മമ്മൂട്ടിയെ നായകനാക്കി പ്രമുഖ ചായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന മലയാള ചലച്ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് ഒരു ലഹരി സമ്മാനിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ഏതൊരാളുടേയും ചിന്തയിലേക്കൊരു  വെടിമരുന്നിന്‍റെ പുക പോലെ ഒന്ന് വന്ന് നിറയും. അതൊരു മുന്നറിയിപ്പാണെന്ന സംവിധായകന്‍റെ വിശദീകരണത്തെ അത്രയെളുപ്പം പ്രശംസിക്കാന്‍ സാധിക്കില്ല.

സിനിമ ക്യാമറയുടെ  കലയാണെന്നു പറയുന്നതുപോലെ തന്നെ ,  പ്രേക്ഷകരെ കാ‍ഴ്ചകളിലെ വൈവിധ്യങ്ങള്‍ കൊണ്ടും, ശബ്ദ വിന്യാസങ്ങള്‍ കൊണ്ടും  ആ‍ഴത്തില്‍ സ്വാധീനിക്കാനുള്ള ക‍ഴിവ് സിനിമയെന്ന കലയിലുണ്ട്..

ഇവിടെ മുന്നറിയിപ്പെന്ന മലയാള ചിത്രം കൈയ്യൊതുക്കത്തോടെ സംവിധായകനും കൂട്ടാളികളും ചേര്‍ന്ന് പ്രദര്‍ശനത്തിനായി വിളമ്പി വെയ്ക്കുമ്പോള്‍
 മമ്മൂട്ടി,
പൃഥിരാജ്,
സൈജുകുറുപ്പ്,
അപര്‍ണ്ണ ഗോപിനാഥ്,
കൊച്ചു പ്രേമന്‍,
കോട്ടയം നസീര്‍,
വി.കെ ശ്രീരാമന്‍,
മുത്തുമണി,
ജോയ് മാത്യു,
നെടുമുടി വേണു,
പ്രതാപ് പോത്തന്‍,
രഞ്ജി പണിക്കര്‍,
സുധീഷ്....... തുടങ്ങി പുതിയ തലമുറയ്ക്കും, സിനിമാ വ്യാപാരത്തിനും  ദഹിക്കാവുന്ന തരത്തില്‍ താര നിരയും ഉള്‍പ്പെടുത്തിയിട്ടുണ്ട്...

 രാഘവന്‍ എന്ന കഥാപാത്രത്തിനെ മമ്മൂട്ടിയെന്ന നടന്‍റെ രൂപത്തിലേക്ക് സന്നിവേശിപ്പിച്ച് സ്വാതന്ത്രത്തിന്‍റേയും , വിലക്കുകളുടേയും ചങ്ങലകളെ പൊട്ടിച്ചറിയുന്നത് കൊലപാതകങ്ങളിലൂടെയാണെന്ന സന്ദേശം പറഞ്ഞുവെക്കുമ്പോള്‍ തന്നെ യുവ പത്രപ്രവര്‍ത്തകയുടെ കഥാപാത്രത്തിനെ പരിഹസിക്കുന്ന രീതിയില്‍ സന്ദര്‍ഭങ്ങളും സൃഷ്ടിക്കുന്നു. തിരക്കഥാകൃത്ത് പുരുഷനായതു കൊണ്ടാണോ ഇത്തരം മേധാവിത്വ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു സംശയിക്കണം.  അമേരിക്കന്‍ മലയാളി വന്ന് കല്യാണം ആലോചിക്കുകയും അതിനെ നായിക സ്വാഗതം ചെയ്യുന്ന രംഗങ്ങളില്‍ സ്ത്രീ കളായ പത്ര പ്രവര്‍ത്തകരുടെ മാനസിക തലങ്ങളെ ചോദ്യം ചെയ്യുന്ന ഡയലോഗുകളും കൊണ്ടുവരാന്‍ തിരക്കഥാകൃത്ത് മറന്നിട്ടില്ല.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സ് കൊണ്ടുവന്ന്
കൊലപാതകത്തെ മുന്നറിയിപ്പെന്നോണം അപകടകരമായ ഒരു സന്ദേശം നല്‍കുമ്പോള്‍ നായകന്‍റെ കഥാപാത്രത്തെ എപ്പോ‍ഴും ഒരുപടി മുന്നില്‍ കാണാനാഗ്രഹിക്കുന്ന ഭൂരിഭാഗം പ്രേക്ഷകരെയും സിനിമ തൃപ്തിപ്പെടുത്തുന്നു.. ഫിലിം ഫെസ്റ്റിവലുകളില്‍  നല്ല സിനിമകള്‍ കണ്ട് നിരൂപണങ്ങള്‍ പറയുന്നവര്‍ ചുറ്റുമുള്ളവരെ പുച്ഛഭാവത്തോടെ സമീപിക്കുന്നത് നിര്‍ത്തി,  സാഹചര്യങ്ങളെ സൂക്ഷ്മമായി നോക്കികണ്ട നമ്മുടെ സാഹിത്യകാരന്‍മാരുടെ ജീവിതം വായിച്ചു പഠിക്കേണ്ടതുണ്ട്.. വായിച്ചാലേ വിളയൂ.......

കലയിലെ കലാപമെന്നത് സമൂഹത്തില്‍ മാറ്റങ്ങള്‍  സൃഷ്ടിക്കാനുതകുന്നതാകണം..  ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍  പലപ്പോ‍ഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍  തെറ്റായ സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരില്‍  ആ‍ഴത്തില്‍ പതിക്കുന്ന രീതിയില്‍  കഥകളില്‍ ചമച്ചുണ്ടാക്കരുതെന്ന് വിനീതനായി അഭ്യര്‍ത്ഥിക്കുന്നു..


2014 ജൂലൈ 7, തിങ്കളാഴ്‌ച

അഹങ്കാരകോകിലം

ഒരു അഹന്തയെന്നു പറയവെ 
മറുവശത്തേക്കൊന്നു ചെരിവില്ലാതെ 
ഇടവേളയെങ്കിലുമെന്നും, ഇടതടവില്ലാതെ 
ഓടിയെത്തുന്ന സമയത്തില്‍, 
ആവര്‍ത്തന വിരസമായ നേരങ്ങള്‍, 
സമാവര്‍ത്തന ഭാഷണങ്ങള്‍,
എന്തു നാം തേടുന്നു അതാവര്‍ത്തികള്‍ 
ബോധത്തിലെത്താതെ മറയുന്നു.




2014 ജൂലൈ 6, ഞായറാഴ്‌ച

റോഡോഗ്രഫി...

ഞമ്മടെ മുഖ്യനെ എറണാകുളത്തിൻെ്റ ഭരണസിരാ കേന്ദ്രത്തിനടുത്ത് കാക്കനാട്  വെച്ച്  കരിങ്കൊടി കാണിക്കുന്നു... ഞമ്മളതങ്ങ് പകർത്തി..
കാക്കനാട്, കേരളാ പ്രസ് അക്കാദമിക്ക് സമീപം

2014 ജൂൺ 25, ബുധനാഴ്‌ച

അയ്യോ പറയല്ലെ വിഭജിച്ചു നിർത്താതെയെങ്ങനെ..?

വിവേചനങ്ങൾക്കപ്പുറത്തു നിന്നും, നിങ്ങൾക്ക് പ്രകൃതിയെക്കുറിച്ചും,
ആഹാരത്തെക്കുറിച്ചും, ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കാനാകുന്നുവെന്ന് തോന്നുന്ന സമയത്ത് എന്നെ കണ്ടുമുട്ടുമെങ്കിൽ  അന്ന് എന്നെയും കൂട്ടുക...

കൂടുക കൂട്ടരെ നടന്നകന്ന പാതകളിൽ, ചാടുക കൂട്ടരെ കൂട്ടു കൂടിയ തോടുകളിൽ, പാടുക കൂട്ടരെ പാടവരമ്പത്തെ കിളികളോടൊപ്പം..

കൃഷിഭവന്‍ വഴി എന്തൊക്കെ സേവനങ്ങള്‍ കിട്ടും...?



1. കാര്‍ഷികാവശ്യത്തിന്‌ പമ്പ്‌സെറ്റ്‌ സ്‌ഥാപിച്ച്‌ വൈദ്യുതി കണക്ഷന്‌ മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്‌ (നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ പമ്പ്‌സെറ്റ്‌ സ്‌ഥാപിച്ച സ്‌ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.)

2. പമ്പ്‌സെറ്റിന്‌ മണ്ണെണ്ണ പെര്‍മിറ്റ്‌ ലഭിക്കുന്നതിനുള്ള ശിപാര്‍ശ കത്ത്‌. (നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ രണ്ട്‌ കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ്‌ എന്നിവ സഹിതം അപേക്ഷിക്കണം.)

3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ്‌ (തെങ്ങ്‌ കൃഷിയുടെ വിസ്‌തീര്‍ണ്ണം കണക്കാക്കുന്നതിന്‌ ആവശ്യമായ രേഖ ഹാജരാക്കണം).

4. മണ്ണ്‌ പരിശോധന: 500ഗ്രാം മണ്ണ്‌ ശാസ്‌ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.

5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്‌ട പരിഹാരം (2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്‌ടം സംഭവിച്ച്‌ പത്ത്‌ ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക്‌ ചുരുങ്ങിയത്‌ 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.)

6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ്‌ പദ്ധതി (നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്‌, കമുങ്ങ്‌, കുരുമുളക്‌, കശുമാവ്‌, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്‌് ഒന്നിന്‌ 2രൂപ പ്രകാരം.)

7. കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി

8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

9. കൃഷി വകുപ്പ്‌ മുഖേന മറ്റ്‌ കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ നല്‍കുന്ന സേവനങ്ങള്‍.

10. രാസവളം, കീടനാശിനി എന്നിവ സ്‌റ്റോക്ക്‌ ചെയ്യുന്നതിനും ലൈസന്‍സ്‌ നല്‍കാനും പുതുക്കാനും.

11. അത്യുല്‌പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്‌തുക്കളുടെയും വിതരണം.

12. നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്‌.

13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗങ്ങളുടെ ശിപാര്‍ശ.

14. കാര്‍ഷിക പരിശീലന പരിപാടികള്‍

15. സഞ്ചരിക്കുന്ന മണ്ണ്‌ പരിശോധനായൂണിറ്റിന്റെ സേവനം
(നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ്‌ സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.)

16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്‌ക്ക് നല്‍കല്‍
(നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ അപേക്ഷിക്കണം.)

17. കര്‍ഷകരക്ഷാ ഇന്‍ഷൂറന്‍സ്‌: 18നും 70നും മധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ്‌ കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.
 

ഇ വായന



വായനാദിനത്തില്‍ പറഞ്ഞ വാക്കുകള്‍  കേട്ടു ഞാന്‍ 
ബ്ലോഗിലെ എഴുത്തിനു പേനയും മഷിയും വേണ്ടെന്ന്..

ഞായറാഴ്ച കുറുബാന ബ്ലോഗിലൂടെ കൂടാമെങ്കില്‍ 
ചിരാതിന്റെ വെട്ടം പേജിനുള്ളില്‍ കത്തിച്ചു മന്ത്രം ഉരുവിടാമെങ്കില്‍ 
നിസ്‌കാരപ്പായ വിടര്‍ത്തി ഓത്തൊന്നു ചൊല്ലാന്‍ കീ ബോര്‍ഡ് മതിയെങ്കില്‍ 

എന്തിനു ഞാന്‍ ഇനി ബുക്കെടുത്ത് പൊടി തൂക്കണം ബ്ലോഗുണ്ടല്ലോ..

അനുഭവങ്ങളും, ഓര്‍മ്മകളും, ചിന്തകളും, സ്വപ്നങ്ങളും, മോഹങ്ങളും 
അങ്ങിനെ ഒത്തിരി കാര്യങ്ങള്‍ ഇനി ഇ-തരംഗങ്ങളായി പ്രവഹിക്കട്ടെ..

നമ്മള്‍


എപ്പോഴാണ് നമ്മള്‍ വികാര വിചാരങ്ങളുമായി പൊരുത്തക്കേടിലേക്കു വരുന്നതെന്നു മനസ്സിലാക്കാന്‍ ചുറ്റുമുള്ള പലതും അന്വേഷിച്ചാല്‍ മതിയാകും.


2014 മേയ് 16, വെള്ളിയാഴ്‌ച

2014ൽ %പാർലമെനെ്റിലേക്ക് %കേരളത്തിലെ %ജനവിധി



1. കേരളത്തിൽ ആദ്യം വിജയം ഉറപ്പിച്ച  പത്ത് എം.പി സീറ്റുകൾ


-തൃശ്ശൂരിൽ    സി.എൻ ജയദേവൻ...


-മലപ്പുറത്ത്    ഇ  അഹമ്മദ്...


-എറണാകുളത്ത്    കെ.വി തോമാസ്...


-കോട്ടയത്ത്   ജോസ്. കെ. മാണി...


-പാലക്കാട്   എം.ബി. രാജേഷ്...


-പൊന്നാനിയിൽ    ഇ.ടി  മുഹമ്മദ് ബഷീർ...


-ആറ്റിങ്ങലിൽ   എ സമ്പത്ത്...


-കൊല്ലത്ത്   എൻ. കെ പ്രേമചന്ദ്രൻ...


-ആലത്തൂരിൽ    പി.കെ ബിജു..

-മാവേലിക്കരയിൽ   കൊടിക്കുന്നിൽ സുരേഷ്...



2. ശേഷം കാഴ്ചയിലെ പോരാട്ട വിജയങ്ങൾ


-ചാലക്കുടി    ഇന്നസെൻറ്...


-കണ്ണൂർ   പി.കെ ശ്രീമതി ടീച്ചർ...


-വയനാട്   എം.ഐ ഷാനവാസ്...


-പത്തനംതിട്ട   ആനേ്റാ ആൻറണി...

 
-കാസർഗോഡ്    പി കരുണാകരൻ...


-ആലപ്പുഴ   കെ.സി വേണുഗോപാൽ...


-കോഴിക്കോട്  എം.കെ രാഘവൻ...


-ഇടുക്കി   അഡ്വ. ജോയ്സ് ജോർജ്ജ്...



3. പ്രവചനങ്ങളെ അസാധ്യമാക്കി അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിൽ

-വടകരക്ക്   മുല്ലപ്പിള്ളി രാമചന്ദ്രൻ...


-തിരുവനന്തപുരത്തിന്   ശഷി തരൂർ...

2014 മേയ് 10, ശനിയാഴ്‌ച

പാചകo

പാചകത്തിൽ  താല്പര്യം ഉണ്ടെങ്കിൽ, പാചകം ചെയ്ത് പരിചയമുണ്ടെങ്കിൽ , പഠച്ചോനേ ഇന്നത്തെ കറി ശരിയാകണേ എന്നു മുട്ടിപ്പായിൽ  പ്രാർത്ഥിക്കുന്ന എല്ലാ മഹത് വ്യക്തികൾക്കും എനെ്റ വിനീതമായ കൂപ്പുകൈ..

ഇന്ന് ഞാൻ ഇവിടെ അവതരിപ്പിക്കുന്നു..

സൈഡ് ഫിഷ് ഡിഷസ്

-മീൻ  (ആവശ്യം പോലെ)

മീൻ നന്നാക്കി വരഞ്ഞ് വെയ്ക്കുക അതിനൊപ്പം - ഉലുവപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി , കുരുമുളക്പൊടി , ഇഞ്ചി, വെള്ളുത്തുള്ളി, കറിവേപ്പില , ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്തരച്ച് പാചക എണ്ണയിൽ വറുത്തുകോരുക.. വെളിച്ചണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്..
(ബാക്കി വന്ന എണ്ണ കളയരുത്), ചെറുനാരങ്ങ അലങ്കരിക്കാനും പുളിയുടെ രുചി ഇഷ്ടപ്പെടുന്നവർക്കും.

-ചീര (ഉള്ളതു പോലെ)

ഇനി ചീരയില തണ്ടോടു കൂടിയത് വൃത്തിയായി കഴുകി അതേ എണ്ണയിൽ വറുത്തു കോരുക..

-ഉരുളക്കിഴങ്ങ് (2 എണ്ണം)

അടുത്തത് കുരുമുളക് പൊടിയും ഉപ്പും പുരട്ടി നീളത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതേ എണ്ണയിൽ തന്നെ വറുത്തു കോരുക..

- തക്കാളി.(5 എണ്ണം), എണ്ണ പുതിയത്( 2 ടേബിൾ സ്പൂൺ)

 കടുക് വൃത്തിയുള്ളത് അല്പം എണ്ണയിൽ താളിച്ച് അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി, ഇഞ്ചി, പച്ചമുളക്, കോവയ്ക്ക (3എണ്ണം ), എന്നിവ ചേർത്ത് വഴറ്റുക പകുതി വെന്താൽ സവാള (1 എണ്ണം) നീളത്തിൽ അരിഞ്ഞു ചേർക്കാം അതിലേക്ക് ഗരം മസാലപ്പൊടിയും ചേർത്ത് മൂടി വെയ്ക്കുക. വെന്തു കഴിഞ്ഞിട്ട് ഉപ്പ് ആവശ്യത്തിന് ചേർക്കുക..

ഇനി ഇതെല്ലാം വാഴയിലയിൽ വിളമ്പി.. ചോറിനോ. ചപ്പാത്തിക്കോ, അപ്പത്തിനോ, ചിരട്ടപുട്ടിനോ എന്തിനാച്ചാല് ചേർത്ത് കഴിച്ചോളീൻ..


2014 മാർച്ച് 21, വെള്ളിയാഴ്‌ച

ദോഷപ്രചോദനം

ഞാനൊരു നിഷ്കളങ്ക ശുഭദിനമായിരുന്നു
     കർക്കിടവും, തണുത്തുറഞ്ഞ മരവിപ്പും,
വിയർപ്പൊലിക്കുന്ന നട്ടുച്ചയും
എനിക്ക് അന്യമായിരുന്ന നാളുകളിൽ
നിലാവുള്ള രാത്രികൾ പ്രണയം പറഞ്ഞു നടന്നു.
ആകാശക്കടലാസിലെ ജീവനുള്ള ചിത്രങ്ങൾ
കണ്ണുകൾക്ക് നിറമുള്ള സായന്തനങ്ങൾ തന്നു.
ചെമന്ന സായാഹ്നവീഥികൾ കാത്തുനിൽക്കുമാ

സായംസന്ധ്യയിലേക്ക് ഓടിക്കളിച്ചു.


രാത്രികളിന്നു വരുന്നത് ബോധത്തിലേക്കുള്ള
നീല ചിത്രങ്ങളുമായാണ്
വരവേൽപ്പുകളില്ലാതെ മറ്റൊരു വ്യാപക പ്രസരണം.

2013 ഡിസംബർ 2, തിങ്കളാഴ്‌ച

ബാർട്ടൻഹില്ലിൽ കൂർപ്പിച്ച പെൻസിലുകൾ... ഭാഗം-ഒന്ന് തുടർച്ച...


 
 
 



ആ ദിവസത്തെക്കുറിച്ച് ഞാൻ ക്രത്യമായി ഡയറിയിൽ എഴുതി  സൂക്ഷിച്ചിരിക്കുന്നു. രാവിലെ ഏകദേശം പത്തുമണി കഴിഞ്ഞ് വലിയ രണ്ട് ബാഗും തൂക്കി കൊയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന SDM travels busൽ  വൈറ്റില ബസ്സ് സ്റ്റോപ്പിൽ നിന്നും കയറിക്കൂടി. നാലര മണിക്കൂർ യാത്രയിലെ നിമിഷങ്ങൾ മുഴുവൻ ഒട്ടും പരിചയമില്ലാത്ത നഗരത്തെക്കുറിച്ച് ആലോചിച്ച് തീർത്തു. പിന്നീട് പലപ്പോഴെല്ലാമായി വീട്ടിലേക്കും തിരിച്ചുമുളള  യാത്രകളിലൊക്കെ  ചിന്തകളിൽ ഒന്നുമില്ലാതിരുന്നപ്പോൾ, സമയം പോകുന്നില്ല എന്നു തോന്നിയപ്പോൾ ബാർട്ടൻ ഹില്ലിലേക്കുളള ആദ്യ യാത്രയുടെ നിമിഷങ്ങൾ തിരിച്ചുകിട്ടിയെങ്കിൽ എന്ന് വെറുതെയെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്.

സർക്കാർ വക നിയമ കലാലയം ഇന്നും പ്രൌഡിയോടെ അനന്തപുരിയുടെ ബാർട്ടൻ ഹില്ലിൽ നിലകൊളളുന്നു. രണ്ടര കൊല്ലം മുമ്പ് ഒരു ഒക്ടോബർ മാസത്തിനെ്റ ആരംഭത്തിലാണ് മണൽതരികളെ ഒൌദ്യോഗികമായി സ്പർശിച്ചുകൊണ്ട് ഞാനാ കലാലയത്തിലേക്ക് നടന്നുകയറിയത്. അവിടുത്തെ വഴികളിലൊക്കെയും വെയിലിനെ തടഞ്ഞുനിർത്തുന്ന തണൽമരങ്ങൾ നിരയായി നിന്നിരുന്നു. കുറേ ചോദ്യങ്ങളും ഉത്തരങ്ങളും ആ തണലുകൾക്കുളളിൽ നിറഞ്ഞിരുന്നുവെന്നത് എനിക്കിപ്പോൾ മനസ്സിലാകുന്നു. സമയം 2-33, ഉറക്കെയൊന്ന് ചൂളം വിളിച്ച ശേഷം ജനശതാബ്ദി എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ നിന്നും അകന്നു തുടങ്ങി.
                                                                                                                                    .

..തുടരും

2013 നവംബർ 25, തിങ്കളാഴ്‌ച

ബാർട്ടൻഹില്ലിൽ കൂർപ്പിച്ച പെൻസിലുകൾ... ഭാഗം-ഒന്ന്



 
അനന്തപുരിയിലെ വഴികളിൽ ഇന്നു തോരാത്ത മഴയാണ്. മുട്ടോളം വെള്ളം നിറഞ്ഞ മൂകതയ്ക്ക് തണുപ്പിനേയും, ആ നിമിഷത്തിലെ വൈകാരികതേയും താങ്ങിനിർത്താനുള്ള കെല്പ്പില്ല. ഏറ്റവും അടുത്ത വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെടണം പക്ഷേ ഒരു ചോദ്യ ചിഹ്നം പോലെ ഉള്ളിൽ പൊങ്ങി വന്നത് എതു മാർഗ്ഗം തെരഞ്ഞെടുക്കണം എന്നതാണ്. ബസ്സ്; ട്രെയിൻ!?.



രണ്ട് ദിവസം മുമ്പാണ് അവർ ഈ മുറി വിട്ട് പോയത്. അന്ന് കൂടെ ചെല്ലുവാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ കൂട്ടാക്കിയില്ല. ഒറ്റയ്ക്കാണ് ഈ നഗരത്തിലേക്ക് വന്നത് ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ അതുപോലെ

ബാർട്ടൻഹില്ലിൽ കൂർപ്പിച്ച പെൻസിലുകൾ...

തന്നെയായിരിക്കും. ആരോടും യാത്ര പറയാതെ, ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കാതെ എവിടെ നിന്നെത്തിയോ അവിടേക്ക് തിരിച്ച് ചെല്ലും. പൊക്കിൾകൊടിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വാർദ്ധക്ക്യത്തിലെ മനസ്സായിരുന്നില്ല എനിക്കപ്പോൾ.

ഈ രംഗം ഞാനെപ്പോഴോ മുൻകൂട്ടി കണ്ടതുകൊണ്ടാകണം രണ്ടര വർഷത്തിനെ്റ കാലയളവിൽ ഇവിടെ ചിലവിട്ട സമയത്തിനെ്റ ഭൂരിഭാഗവും സ്വപ്നത്തിനെ്റ തൂവാലകൾ നെയ്യുകയായിരുന്നു. പക്ഷേ ഇപ്പോൾ നൂൽ പൊട്ടി പഴകിയ തൂവാലകൾ എനെ്റ കൈകളിൽ മാത്രമായി. അവരെല്ലാവരും പുതിയ നേട്ടങ്ങളുടെ പട്ടിക തയ്യാറാക്കികഴിഞ്ഞിരുന്നു.

വീട്ടുടമസ്ഥന് താക്കോൽ കൊടുത്തിട്ടിറങ്ങുമ്പോൾ വാടകബാക്കിയുടെ പരിഭവം അയാളുടെ മുഖത്ത് കാണാമായിരുന്നു. വിശ്വാസത്തിനെ്റ ഭാവങ്ങൾ കൈമാറിയ ഞാൻ അയാളുടെ ബാങ്ക് അക്കൌണ്ട് നമ്പർ വാങ്ങിയ ശേഷം തിരിഞ്ഞു നോക്കാതെ മഴനനയുന്ന റോഡിലൂടെ നടന്നു. മഴ കനക്കുന്ന ഉച്ചനേരം.

റെയിൽവേ സ്റ്റേഷനിലെ ആൾക്കൂട്ടത്തിനിടയിലൂടെ കടന്നു പോകുന്ന ജീവിതങ്ങളിലൊന്നും പരിചയമുള്ള ആരേയും കണ്ടില്ല. ടിക്കറ്റ് കൌണ്ടറിനരികിൽ നിൽക്കുമ്പോൾ കഴിഞ്ഞനാളുകളിലെ തിരക്കുപിടിച്ചയാത്രകൾ ഓർമ്മയിലേക്കുവന്നു. ജനശതാബ്ദി എക്സ്പ്രസ്സിലെ ജനാലയ്ക്കരികിലെ സീറ്റിൽ ചാരിയിരിന്നു. ഇപ്പോൾ സമയം 2-10 ഈ ട്രെയിൻ ക്രത്യം 2-30ന് പുറപ്പെട്ടാൽ 6-15ന് എറണാകുളത്ത് എത്തും. അവിടെ എനിക്ക് ഇറങ്ങണം.

 

 



......(തുടരും)......